കഥ
ജീവിത സ്വപ്‌നങ്ങൾ തേടിയുള്ള യാത്ര
സ്റ്റോറി: ജംഷി കുമരനെല്ലൂർ
കേരളം, മനവീകതയുടെ സഹോദര്യത്തിന്റെ സ്നേഹത്തിന്റെ വിള നിലം. വിദ്വേഷങ്ങളുടെ നാമ്പുകൾ പലയിടങ്ങളിലായി വിത്തുകൾ വിതറുന്നുണ്ടെങ്കിലും അവയെ സ്നേഹത്തോടെ വിസ്മയിപ്പിക്കാൻ കഴിയുന്ന സ്നേഹർദ്രമായ മനസ്സുള്ളവരുടെ നാട്.. വേദനയിൽ വിതുമ്പുന്നവരെ, സ്നേഹത്തോടെ താലോടിയും, മറ്റുള്ളവരുടെ സങ്കടങ്ങൾ സ്വന്തമെന്നു കരുതി ആശ്വാസത്തിന്റെ ഒരായിരം സ്നേഹ പുഷ്പങ്ങൾ ചാർത്തിയ എന്റെ നാട്.
കടലും കായലും പുഴകളും മരങ്ങളും കുന്നുകളും കൊണ്ട് പ്രകൃതി തന്നെ കനിഞ്ഞു തന്ന പച്ചയായ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന സ്നേഹർദ്രമായ ഗ്രാമങ്ങൾ..
1980 കളിൽ വലിയ വികസനത്തിന്റെ മാറ്റങ്ങൾ കാണാത്ത കേരളം ഇന്ന് ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായി..
ഗൾഫ് രാജ്യങ്ങളുടെ സ്വാധീനം എന്ന് പറയാനാണ് എനിക്കും ഇഷ്ടം.
കേരളത്തിന്റെ പ്രകൃതി കനിഞ്ഞു നൽകിയ മനോഹാരിതയും മനുഷ്യന്റെ അധ്വാനം കൊണ്ട് നേടിയെടുത്ത വിശുദ്ധിയും ഉള്ള പാലക്കാടിന്റെ ഒരു അതിർത്തി ഗ്രാമമാണ് എന്റേത്.. അവിടെ നിന്നാണ് ഞാൻ ഈ കഥ തുടങ്ങാൻ ആഗ്രഹിക്കുന്നത്..
ഒരു കാലത്ത് നമ്മുടെ നാടിന്റെ വളർച്ച മുരടിപ്പിൽ നിന്നാണ് ഞങ്ങളുടെ ഗ്രാമങ്ങളിൽ നിന്നും ആളുകൾ ഗൾഫിലേക്ക് പറക്കാൻ തുടങ്ങുന്നത്. അത് ഗ്രാമത്തിനെ വലിയ മാറ്റത്തിലേക്ക് നയിച്ചു..
അവന്റെ പേര് ഷമീർ.. എല്ലാവരെയും പോലെ വലിയ സ്വപ്നങ്ങളുടെ ഭാണ്ടവും പേറി വിദേശ രാജ്യത്തേക്ക് ചേക്കേറിയവൻ, സ്വന്തം സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാനുള്ള യാത്ര.. നാടും നാട്ടിലെ ശീലങ്ങളും പലതാണല്ലോ.. ആദ്യമായി വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചു ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്നവർക്ക് ഇവിടെ ഒരുപാട് പഠിക്കാൻ ഉണ്ട്..
അങ്ങിനെ ഷമീർ അവന്റെ ബന്ധുക്കളോട് വിട പറഞ്ഞു കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1 ലേക്ക് പറക്കുകയാണ്...
ആദ്യം തന്നെ എയർപോർട്ട് സെക്യൂരിറ്റിക്ക് ഷമീർ തന്റെ പാസ്പോർട്ട് ഉം ടിക്കറ്റ് ഉം കാണിച്ചു.. അത് കാണിച്ചാൽ മാത്രമേ നമുക്ക് എയർപോർട്ട് നു ഉള്ളിലേക്ക് പ്രവേശിക്കാൻ പറ്റുകയുള്ളു.. അവിടെ നിന്നും cisf ന്റെ പ്രത്യേക നോട്ടവും കണ്ണും മുഖവും കണ്ടാൽ മാത്രമേ നമുക്ക് അടുത്ത സ്റ്റെപ് ആയിട്ടുള്ള എയർലൈൻ സ്റ്റാഫിന്റെ അടുത്തേക്ക് എത്താൻ പറ്റുള്ളൂ.. അവിടെ എത്തിയാൽ വീണ്ടും നമ്മൾ അവർക്ക് പാസ്പോർട്ട് ടിക്കറ്റ് വിസ എന്നിവ കാണിച്ചു കൊടുക്കണം പിന്നെ ലഗ്ഗേജ് ഇടണം ഹാൻഡ് ബാഗ് ഉണ്ടെങ്കിൽ ചിലപ്പോൾ അതിൽ ടാഗ് വെക്കണം ലഗ്ഗേജ് ഭാരം നോക്കണം.. ഇതിനൊക്കെ അവർ സഹായിക്കും ശേഷം എല്ലാം തിരികെ തരും.. പിന്നെ ബോർഡിങ് പാസ്സ് കൂടെ തരും അതും കൊണ്ട് നമ്മൾ നേരെ എമിഗ്രേഷൻ കൗണ്ടറിലേക്ക് പോകണം അവിടുന്ന് നമ്മുടെ ഹാൻഡ് ബാഗ് സ്ക്രീനിംഗ് നമ്മുടെ ബോഡി എല്ലാം സ്ക്രീനിംഗ് കഴിഞ്ഞാൽ പിന്നെ നമ്മൾ ബോഡിങ് പാസ്സിൽ എഴുതിയ ഗേറ്റിൽ വെയിറ്റ് ചെയ്യണം.. പിന്നെ അവർ വിളിക്കുമ്പോൾ വിമാനത്തിൽ കയറാം..
ഷമീർ എല്ലാം കഴിഞ്ഞു ബോഡിങ് നു വേണ്ടി വെയ്റ്റിംഗ് ആണ്.. തനിച്ചായ പോലെ, ഇത് വരെ കുടുംബം ഉണ്ടായിരുന്നു കൂട്ടുകാർ ഉണ്ടായിരുന്നു. ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥ ഇന്ന് വരുന്നത് വരെ ഉപ്പ ഉമ്മ ഭാര്യ കുട്ടികൾ എല്ലാവരുടെയും കൂടെ ഉള്ള കളികളും ചിരിയും സ്നേഹവും സന്തോഷവും ഷമീറിന്റെ മനസ്സിലേക്ക് ഓടി വന്നതും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു പോയി.. ഇനി എന്നാണ് എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ വീണ്ടും ഒരുമിക്കാനാവുക എന്ന ദുഃഖം മനസ്സിനെ അലട്ടി കൊണ്ടിരുന്നു..
Passengers attention please! All the passengers calicut to Dubai are requested to ready for boarding...
ഈ അന്നൗൺസ്‌മെന്റ് ആണ് ഷമീറിനെ വീണ്ടും ഓർമയിലേക്ക് കൊണ്ട് വന്നത്.. ഹാൻഡ് ബാഗും എടുത്ത് അവൻ ബോർഡിങിനു തയ്യാറായി.. എയർലൈൻ സ്റ്റാഫ് വീണ്ടും ബോഡിങ് പാസ്സ് ചെക്ക് ചെയ്ത് ഫ്ലൈറ്റിലേക്ക്... സീറ്റ് നമ്പർ നോക്കി 15A.. സീറ്റിലേക്ക് ചാഞ്ഞു...
സൗഹൃദങ്ങളുടെ സ്നേഹവും വസന്തവും സമ്മാനിച്ച സ്വന്തം നാട്ടിൽ നിന്നും മനുഷ്യന്റെ നിർമിതികൾ കൊണ്ട് മനോഹരമായ മണലാരണ്യത്തിലേക്ക്..
എയർപോർയിലെ എമിഗ്രേഷൻ കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോ വല്ലാത്തൊരു അപരിചിതത്വം.. കൂട്ടാൻ ആൾ വരാമെന്നു പറഞ്ഞിരുന്നു. ആരാണാവോ എവിടെ ആണാവോ എങ്ങനെ കണ്ടു പിടിക്കും അങ്ങനെ മനസ്സിൽ ഒരുപ്പാട് ചോദ്യങ്ങളുമായാണ് ഷമീർ നടന്നകലുന്നത്..
പുറത്ത് എത്തുമ്പോൾ അവിടെ ഷമീർ എന്നെഴുതിയ ഒരു ബോർഡും പിടിച്ചു ഒരാൾ നിൽപ് ഉണ്ടായിരുന്നു..
അയാളുടെ അടുത്തേക്ക് പോയി.. ഞാൻ : ഷമീർ ആണ്,
അയാൾ : നീങ്ക താനാ ഷമീർ? എപ്പിടി ഇരുന്ത് ട്രാവൽ എല്ലാം?
ഞാൻ : കുഴപ്പമില്ലായിരുന്നു.
അയാൾ: സരി വണ്ടി വെളിയെ താൻ ഇരുക്ക്.. വാങ്കെ.
ഞാൻ: ശരി, നിങ്ങൾ അവിടെ തന്നെ ആണോ ജോലി ചെയ്യുന്നത്?
അയാൾ: അതേ, കമ്പനി നല്ല കമ്പനി, കറക്റ്റാ വേല പാത്താൽ പ്രച്നം ഒന്നുമേ കിടയാത്.
ഞാൻ: ശരി, കുറെ ദൂരം ഉണ്ടോ?
അയാൾ: കൊഞ്ചം ഇരുക്ക്, അന്ത എടം ജെബൽ അലി സൊള്ളുവെൻ.
ഞാൻ : ഹാ ഓക്കേ.
അങ്ങിനെ അയാളോട് പലതും ചോദിച്ചും അറിഞ്ഞും ആ യാത്ര അവരുടെ താമസ സ്ഥലത്ത് എത്തിച്ചു .
ഡ്രൈവർ ഷമീറിനെ നേരെ ബിൽഡിംഗ് സെക്യൂരിറ്റി യുടെ അടുത്തേക്ക് കൊണ്ട് പോയി..
സെക്യൂരിറ്റി : കൈസാ ഹേ ഭായ്, ഹിന്ദി ആതെ ഹേ തുജേ?
ഷമീർ (ഒന്നും മനസിലാവാതെ ഡ്രൈവറോട് ): ഇയാൾ എന്താ ചോദിക്കുന്നത്?
ഡ്രൈവർ: അയാൾ ഉനക്ക് ഹിന്ദി തേരിയുമാ കേക്കറേ.. ഉസ്‌കോ ഹിന്ദി നഹി ആതി.. മേ ബാതായേഗാ ഉസ്‌കോ.
സെക്യൂരിറ്റി: ടീക് ഹേ, തും ഉസ്‌കോ ടീക്സേ സംജാന..
ഡ്രൈവർ : ഓക്കേ
(അങ്ങനെ അവിടുത്തെ നിയമങ്ങൾ ഡ്രൈവർ ഷമീറിന് പറഞ്ഞു കൊടുക്കുന്നു ഉള്ളടക്കം ഇതാണ്)
റൂമിൽ 6 പേര് ഉണ്ടാകും പലർക്കും പല ടൈം ആയിരിക്കും ഡ്യൂട്ടി. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ലൈറ്റ് ഇടുകയോ വാതിൽ ശബ്ദത്തിൽ അടക്കുകയോ ചെയ്യരുത്. റൂമിൽ നിന്ന് ഭക്ഷണം കഴിക്കരുത്. കിച്ചൻ ഉണ്ട് അവിടെ വന്നു ഉണ്ടാക്കി കഴിക്കാം. വാഷ് റൂം ഓരോ ഫ്ലോർ ലും ഉണ്ടാകും അത് ഉപയോഗിക്കാം.. 12 മണിക്ക് ആണ് ലാസ്റ്റ് ഡ്യൂട്ടിക്കാർ വരുക അത് കഴിഞ്ഞാൽ ഗേറ്റ് അടക്കും യാതൊരു കാരണ വശാലും പുറത്തേക്ക് ആ ടൈം പോകരുത്. രാവിലെ 8 മണിക്ക് വണ്ടി വരും. അതിൽ ഓഫീസിലേക്ക് പോകണം ബാക്കി കാര്യങ്ങൾ ഒക്കെ അവിടുന്ന് പറയും.. വീട്ടിൽ വിളിച്ചു പറഞ്ഞേക്ക് എത്തി എന്ന്. നാളെ ഓഫീസിൽ പോയാൽ ക്യാഷ് കിട്ടും അവിടുന്ന് സിം ഒക്കെ വാങ്ങാം തത്കാലം ഇതിൽ വിളിച്ചു ഇവിടെ എത്തിയ കാര്യം പറഞ്ഞോ.
ഷമീർ വീട്ടിൽ വിളിച്ചു യാത്ര വിവരങ്ങൾ പറഞ്ഞു, എന്തൊക്കെയോ ഒരുപാട് പറയാൻ ഉണ്ടായിരുന്നു വീട്ടുകാരോട് . പക്ഷെ ഒന്നും പറയാൻ തോന്നിയില്ല.. ഫോൺ കട്ട് ചെയ്തു.
രാത്രി റൂമിൽ എത്തി, തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറക്കം വന്നില്ല, രാവിലെ ആവുന്നത് വരെ ഓരോ മണിക്കൂറും എണ്ണി കിടന്നു..
രാവിലെ എണീറ്റു കുളിക്കാൻ പോയപ്പോ ബാത്രൂം ഒക്കെ ഫുൾ.. വെയിറ്റ് ചെയ്ത് കുളിച്ചു ഫ്രഷ് ആയി നേരെ ഓഫീസിലേക്ക് പോകാൻ റെഡി ആയി.. പൊതുവെ ഗൾഫിൽ എത്തിയാൽ നമുക്ക് ഭക്ഷണം കുറയും പ്രത്യേകിച്ചു പ്രഭാത ഭക്ഷണം, പലരും പുറത്തേക്ക് പോയി അവിടുന്ന് ചായയും വാങ്ങി കുടിച്ചു വരുന്നു, ചിലർ സ്നാക്ക്സ് കഴിക്കുന്നുണ്ട് ഷമീർ നു ആണേൽ ഒന്നിനും ഒരു മൂഡ് തോന്നിയില്ല. അവൻ ബസ് വന്നപ്പോൾ കയറി ഇരുന്നു. ഓഫീസിൽ എത്തി അവിടുന്ന് ജോലിയെ കുറിച്ചും താമസത്തേക്കുറിച്ചും കമ്പനി നിയമങ്ങളെക്കുറിച്ചും ഒക്കെ വിശദമായി മനസ്സിലാക്കി യൂണിഫോം, അഡ്വാൻസ് പൈസ മറ്റു പണികളും ഒക്കെ ആയി ഉച്ച വരെ കഴിച്ചു കൂട്ടി . ഫുഡ് കഴിച്ചു വരാൻ പറഞ്ഞു എന്നിട്ട് കടയിലേക്ക് പോയി അവിടുന്ന് എല്ലാ സെക്ഷനും കാണിച്ചു തന്നു.
പിന്നെ റൂമിലേക്ക് പോയി. നാളെ മുതൽ 9 to 6 വരെ ഡ്യൂട്ടി ഉണ്ടാകും പറഞ്ഞു.
റൂമിൽ എത്തി പുറത്ത് പോയി സിം ഒക്കെ വാങ്ങി ഇട്ടു നാട്ടിലേക്ക് ഒക്കെ ഒന്ന് വിളിച്ചു സംസാരിച്ചപ്പോൾ ചെറിയ സമാധാനം ആയി..
ആദ്യമായി ഗൾഫിൽ വന്നത് കൊണ്ടും ഭക്ഷണം പാകം ചെയ്ത് പരിചയമില്ലാത്തത് കൊണ്ടും പുറത്ത് നിന്ന് കഴിച്ചു തുടങ്ങുകയാണ് നല്ലതെന്ന് അവനു തോന്നി .പല നാടുകളിൽ പല ഭാഷകൾ, വൈവിദ്ധ്യം നിറഞ്ഞ വസ്ത്ര ധാരണം വ്യത്യസ്തമായ പാചക രീതി അങ്ങിനെ എല്ലാം കണ്ടും അറിഞ്ഞും കാലങ്ങൾ കടന്നു പോയി.. ഇടയിൽ ഭാഷകൾ പഠിച്ചു പാചകം പഠിച്ചു അങ്ങനെ ഒരുപാട്..
ജീവിതത്തിന്റെ പ്രാരാബ്ദങ്ങൾക്കിടയിൽ സ്വയം ജീവിക്കാൻ മറന്നു പോയി എന്ന് പറയാം.. വർഷങ്ങൾ പലതും കടന്നു പോയി.. ജീവിത സഞ്ചാര പദങ്ങളിൽ മുൻപ് കണ്ടവരും സ്നേഹിച്ചവരും പലരും ഇന്നില്ല.. വര്ഷങ്ങളുടെ അധ്വാനത്തിന്റെ ബാക്കി പത്രം എന്നോണം ചെറിയ പൈസ ഒക്കെ സ്വന്തമായി മാറ്റി വെക്കുന്ന ശീലം ഷമീർ നു ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ നീണ്ട പതിനഞ്ചു വർഷങ്ങൾക് ശേഷം സ്വന്തമായി ഒരു കമ്പനി തുടങ്ങാം എന്ന ആഗ്രഹം ഷമീർനു ഉണ്ടായി.. അതിന്റെ ഭാഗമായി സ്വന്തം സമ്പാദ്യവും അല്പം ലോണെടുത്തും ഷമീർ സംരഭ ത്തിലേക്ക് കടന്നു.. സുഹൃത്തും നാട്ടുകാരനുമായ ജമാൽന്റെ സഹായം കൂടി ഉണ്ടായി. ജമാൽ വർ ഷങ്ങളായി ഒരു അറബിയുടെ വീട്ടിൽ ആണ് ജോലി. അയാളുടെ അറബിയുമായി സഹകരിച്ചാണ് പുതിയ ബിസിനെസ്സ്. ഗൾഫ് നാടുകളിൽ അറബികളുടെ സ്പോൺസർഷിപ് ഇല്ലാതെ യാതൊരു പദ്ധതികളും നടക്കില്ല. അത് കൊണ്ട് തന്നെ ഷമീറും ജമാലും ചേർന്ന് അറബിയേം കൂട്ട് പിടിച്ചു കച്ചവടം ആരംഭിച്ചു. നല്ല നിലയിൽ തന്നെ 5 വർഷം സ്ഥാപനം നടന്നു പോയി. ഷമീറും ജമാലും ഒക്കെ അത്യാവശ്യം നല്ല രീതിയിൽ മുന്നോട്ടു പോയി.
സാധാരണയായി പാർട്ണർഷിപ് ഉള്ള ആളുകൾ ഒരാൾ നാട്ടിൽ പോയാൽ മറ്റേ ആൾ ആണ് എല്ലാം നോക്കി നടത്തുക. അങ്ങിനെ ജമാൽ നാട്ടിലേക്ക് പോയപ്പോൾ എല്ലാ ഉത്തരവാദിത്വവും ഷമീർനു ആയിരുന്നു. അറബി വീട്ടിൽ നിന്നപ്പോൾ 2 വർഷം കൂടുമ്പോൾ നാട്ടിൽ പോയിരുന്ന ജമാൽ ഇപ്പോ വർഷത്തിൽ 2 പ്രാവശ്യമെങ്കിലും നാട്ടിൽ പോകും . ഷമീറും അങ്ങിനെ തന്നെ.
ആ പ്രാവശ്യം ജമാൽ നാട്ടിൽ നിന്ന് തിരിച്ചു വന്നപ്പോഴേക്കും ഷമീർ നല്ല രീതിയിൽ തന്നെ കട ഒക്കെ വിപുലപ്പെടുത്തി. കച്ചവടം മോശമില്ലാതെ നടക്കുന്നത് കൊണ്ട് ആണ് ഇത് ചെയ്തത്. പക്ഷെ ജമാലിന് അത് ഇഷ്ടപ്പെട്ടില്ല. കണക്കുകൾ നോക്കിയിട്ടും ജമാലിന് മൊത്തത്തിൽ സംശയം നില നിക്കുന്നുണ്ടായിരുന്നു . ഷമീറിനോട് അതേ കുറിച് പറഞ്ഞില്ല പക്ഷെ അതൊരു സംശമായി നില നിന്നു. പിന്നീട് പലപ്പോഴും ഷമീറിനെ സംശയത്തോടെ നോക്കി തുടങ്ങിയ ജമാൽ ഷമീർ നാട്ടിൽ പോയ തക്കത്തിൽ കച്ചവടത്തിലെ കണക്കുകളിൽ ചില തിരി മറികൾ നടത്തി മറ്റൊരു കച്ചവടത്തിന് പാർട്ണർഷിപ് കൂടി. ശ്രദ്ധ മുഴുവൻ അങ്ങോട്ട് ആവുകയും ഷമീർ തിരിച്ചു വന്നപ്പോഴേക്കും ഇവിടുത്തെ ബിസിനെസ്സ് ഏകദേശം താളം തെറ്റിയ അവസ്ഥയുമായി.
ഷമീർ തിരിച്ചെത്തിയപ്പോൾ ഉള്ള കടയുടെ അവസ്ഥ വളരെ മോശം ആയിരുന്നു , സാധനം വിതരണം ചെയ്ത പലർക്കും ജമാൽ പണം നൽകാൻ ഉണ്ടായിരുന്നു , കടയിൽ സാധനങ്ങൾ ഇല്ല, കണക്കു നോക്കുമ്പോൾ ഒന്നും പൊരുത്തവും ഇല്ല. അങ്ങനെ രണ്ടു പേരും വാക്കു തർക്കത്തിൽ എത്തി. അവസാനം ഇതെല്ലാം അറബിയുടെ അടുത് എത്തുകയും ചെയ്തു.
ഷമീറും ജമാലും നല്ല നിലയിൽ കൊണ്ട് പോയിരുന്ന സ്ഥാപനം ആയതു കൊണ്ട് അറബിക്ക് കൃത്യമായി കണക്കുകൾ ഒന്നും അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ മാസത്തിൽ 2000 ദിർഹംസ് കൊടുത്ത് അറബിയെ ഒതുക്കിയിരുന്നത്. എന്നാൽ കാര്യങ്ങൾ പിടി കിട്ടിയ അറബി രണ്ടു പേരോടും പറഞ്ഞു കൊടുക്കാൻ ഉള്ള കണക്കുകൾ നിങ്ങൾ തന്നെ കൊടുത്ത് തീർക്കണം അതിനു ഞാൻ ഇടപെടില്ല എന്ന് പറഞ്ഞു . രണ്ടു പേരും വീണ്ടും വാക്ക് തർക്കമായി പിരിഞ്ഞു.
ഷമീർനു എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഇത് നാശത്തിലേക്കാണ് പോകുന്നത് എന്ന് തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നു അത്.
പിറ്റേ ദിവസം പോലീസ് വന്നു ഷമീറിനെ കൊണ്ട് പോയി..
പിന്നീടാണ് ഷമീർനു കാര്യങ്ങൾ മനസ്സിലായി തുടങ്ങിയത്. ജമാൽ ആദ്യം ജോലി ചെയ്ത അറബി ആയതു കൊണ്ട് അവൻ ഒരു തെറ്റും ചെയ്യാത്ത പാവമായി അഭിനയിക്കുകയും ഷമീർ ആണ് എല്ലാ കാര്യങ്ങളും ചെയ്തത് എന്ന് വരുത്തി തീർക്കുകയും ചെയ്തു.അങ്ങനെ ഷമീർ ജയിലിലും ആയി. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇനി എന്ത് സംഭവിക്കുമെന്ന് ഷമീറിന് പോലും അറിയില്ലായിരുന്നു.
കേസ്ന്റെ കാര്യങ്ങൾ ഒന്നും അറിയില്ല. നിസ്കാര സമയത്ത് പള്ളിയിൽ പോകുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി കേൾക്കുന്നത്, ഏയ് മലയാളി ആണല്ലേ?
അതേ എന്നാ ഭാവത്തിൽ ഞാൻ തലയാട്ടി.
അയാൾ: ഞാനും, ഇവിടെ വന്നിട്ടിപ്പോ വര്ഷങ്ങളായി.. മോന്റെ കേസ് എന്താ?
ഷമീർ സംഭവങ്ങൾ ഒക്കെ അയാൾക് വിവരിച്ചു.
അയാൾ: ഇവിടെ ജയിലിൽ നല്ലൊരു പോലീസ് കാരൻ ഉണ്ട്. അദ്ദേഹത്തോട് ചോദിച്ചാൽ കാര്യങ്ങൾ അറിയാൻ പറ്റും. നീ ഇന്ന് മഗ്‌രിബ് നമസ്കാരം കഴിഞ്ഞു ഇവിടെക്ക് വാ അപ്പൊ ആയാളും ഇവിടെ കാണും.. നീ സമാധാനിക്ക് നമുക്ക് വഴി ഉണ്ടോ നോക്കാം..
ഷമീർ: ശരി ഇക്ക നമുക്ക് മഗ്‌രിബിന് കാണാം.
പ്രവാസ ലോകത്ത് ഒറ്റപ്പെട്ടതിനേക്കാൾ ഭയാനകമാണ് ഗൾഫിലെ ജയിലുകൾ.. അവിടെ നിന്നുള്ള ഏകാന്തതയും സങ്കടങ്ങളും വല്ലാതെ ഷമീറിനെ അലട്ടുമ്പോൾ ആണ്.. ഒരു ദൂതനെ പോലെ സുബൈർ ഇക്ക കടന്നു വരുന്നത്..
മഗ്‌രിബ് നമസ്കാരവും കഴിഞ്ഞു സുബൈർ ഇക്കാനെ കാത്തു നിന്നു..
സുബൈർ ഇക്ക ആ പോലീസ് കാരനോട് സംസാരിക്കുന്നു..
സുബൈർ ഇക്ക: അസ്സലാമു അലൈക്കും
പോലീസ് : വ അലൈകുമുസ്സലാം
സുബൈർ ഇക്ക: ഹാദാ നഫർ മിസ്കീൻ, ശു മുഷ്കിൽ ഹുവ? കേസ്
പോലീസ് : അന ശൂഫ്.. അന ഖബ്ബർ ഇന്ഷാ അല്ലാഹ്...
സുബൈർ ഇക്ക : ഇന്ഷാ അല്ലാഹ്, ശുക്രൻ..
സുബൈർ ഇക്ക : ഇന്ഷാ അല്ലാഹ് അവൻ നാളെ എന്നെയോട് പറയും ഞാൻ അപ്പൊ നിന്നോട് പറയാം.
ഷമീർ: ഓക്കേ ഇക്ക.
ജയിൽ ജീവിതം വളരെ അധികം സങ്കടത്തിലേക്ക് കൂപ്പു കുത്താൻ തുടങ്ങി, തന്റെ കുടുംബം മക്കൾ അവർ ഞാൻ എവിടെ ആണെന്ന് പോലും അറിയാതെ വല്ലാത്ത വിഷമത്തിൽ ആവുമല്ലോ.. ഓർക്കും തോറും ഷമീറിന്റെ സങ്കടം വർധിച്ചു വന്നു.
പ്രാർത്ഥനകളുമായി ദിവസങ്ങൾ കടന്നു പോയി.. കുറെ ദിവസത്തിന് ശേഷം വീണ്ടും സുബൈർക്കാനേ പള്ളിയിൽ നിന്നും കണ്ടു മുട്ടി.
ഷമീർ: അസ്സലാമു അലൈക്കും
സുബൈർക്കാ: വ അലൈകുമുസ്സലാം.
ഷമീർ: എന്തെങ്കിലും അറിഞ്ഞോ സുബൈർക്ക?
സുബൈർക്കാ: അയാൾ പിന്നെ കുറെ ദിവസം വന്നില്ല, ഇന്നാണ് വന്നത്. ഒരു ലക്ഷത്തി അമ്പതിനായിരം രൂപ നിങ്ങളുടെ കടയിൽ സാധനങ്ങൾ തന്നവർക്ക് കൊടുക്കാൻ ഉള്ളത് അവർ നിന്റെ തലയിൽ ആണ് കെട്ടി വെച്ചത്, സാധനങ്ങൾ വാങ്ങുമ്പോൾ ക്രെഡിറ്റ് നു വേണ്ടി നിന്റെ ചെക്ക് ആണ് കൊടുത്തത് അവർ അത് ബാങ്കിൽ ഇട്ടു. നീ മുങ്ങി എന്ന് അവരോട് ജമാൽ പറഞ്ഞിട്ടാണ് അവർ ചെക്ക് ബാങ്കിൽ ഇട്ടത്. ചെക്ക് മടങ്ങിയപ്പോ കമ്പനി നിന്റെ പേരിൽ കേസ് കൊടുത്തു ഇനി കമ്പനി കേസ് പിൻ വിളിക്കുകയോ നീ പൈസ അടക്കുകയോ ചെയ്യാതെ ഇവിടുന്ന് പുറത്ത് കടക്കാൻ പറ്റില്ല..
ഷമീർ ആകെ പരിഭ്രമം ആയി . ഇത്രേം കാലം എല്ലാ സാമ്പാദ്യത്തിനും സഹായിച്ചു അവനെ അവനാക്കിയ എന്നെ അവൻ ചതിച്ചിരിക്കുന്നു.. കണ്ണുകളിൽ ഇരുട്ടു കയറിയ അവസ്ഥയിലായി. ഇത്രയും തുക ഞാൻ എങ്ങനെ കണ്ടെത്തും എന്നാ വ്യാധി വേറെയും.. പിന്നെ ഷമീറിന് ഒന്നും ഓർമ ഇല്ല.
ആരൊക്കെയോ ചേർന്ന് താങ്ങി അവന്റെ സെല്ലിലേക്ക് കൊണ്ട് കിടത്തി.. ഓർമ വന്നപ്പോൾ വിതുമ്പി കരയാൻ മാത്രമാണ് ഷമീർ നു പറ്റുന്നുള്ളു.. പൈസ കൊടുത്ത് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്കിനി എന്റെ നാടോ കുടുംബമോ ഒന്നും കാണാൻ കഴിയില്ലല്ലോ.. ഓരോന്ന് ഓർത്തു ഷമീർ അങ്ങനെ ഇരുന്നു..
ഷമീറിന്റെ വീട്ടിൽ
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഷമീറിനെ കുറിച് ഒന്നും അറിയാൻ പറ്റാതെ അവന്റെ ഭാര്യ പലരോടുമായി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. പക്ഷെ തന്റെ ഭർത്താവ് ദുബായ് ആണെന്നല്ലാതെ എവിടെ ആണെന്നോ ഏതു കമ്പനിയുടെ കീഴിൽ ആണെന്നോ ഒന്നും കൃത്യമായി പറഞ്ഞു കൊടുക്കാൻ അവർക്കും അറിയില്ലായിരുന്നു. നമ്മളും അങ്ങനെ ഒക്കെ തന്നെ അല്ലെ?
അങ്ങനെ പല രാഷ്ട്രീയക്കാരെയും മറ്റുമായി സമീപിച്ചു സുഹൃത്തുക്കളുടെയും ഒക്കെ സഹായം കൊണ്ട് അയാൾ ജയിലിൽ ആണെന്നും നടത്തുന്ന കട പൂട്ടി സാധനങ്ങൾ ഇറക്കി കൊടുത്തവർക്ക് ക്യാഷ് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പുറത്ത് വരാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലായി..
അവരുടെ വീടും പറമ്പും വിറ്റാൽ പോലും കടം തീർക്കാൻ പറ്റാത്ത അവസ്ഥ. ഇനി അഥവാ വിറ്റാലും അവർക്ക് കിടപ്പാടം പോലും ഇല്ലാത്ത പഴയ അവസ്ഥയിലേക്ക് പോകും, പക്ഷെ എങ്കിലും എങ്ങനെ എങ്കിലും ഭർത്താവിനെ നാട്ടിൽ എത്തിക്കണം എന്നാ ചിന്ത ആയിരുന്നു ഭാര്യക്കും കുട്ടികൾക്കും. അവർ അതിനു വേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ല. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഭർത്താവ് തിരിച്ചെത്തും എന്ന് തന്നെ അവരും വിശ്വസിച്ചു.
മരണമാണോ ജീവിതമാണോ ഈ ഇരുട്ട് അറക്കുള്ളിൽ കിടന്ന് സംഭവിക്കുക എന്ന ചിന്തയിൽ മുഴുകി അങ്ങനെ കിടന്നപ്പോൾ എപ്പോഴോ ഷമീർ മയങ്ങി പോയി..
യാ ഷമീർ തആൽ എന്നാ വിളി കേട്ടാണ് അവൻ ഉണർന്നത്. അങ്ങോട്ട് പോയി നോക്കി. അവിടെ തന്റെ നാട്ടുകാരായ ഒരാളും പിന്നെ സന്നദ്ധ പ്രവർത്തകൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ഒരാളും ഉണ്ടായിരുന്നു.. അവർ ഒരുപാട് ആശ്വാസം വാക്കുകൾ പറഞ്ഞു. എത്രയും പെട്ടെന്ന് മോചനം സാധ്യമാക്കാൻ ശ്രമിക്കാം എന്ന് പറഞ്ഞു അവരും തിരിച്ചു പോയി..
വീണ്ടും അനാഥതയിലേക്കും ഏകാന്തതയുടെ അന്ധകാരത്തിലേക്കും ഷമീർ കടന്നു പോയി.. വരർഷങ്ങളുടെ ജയിൽ വാസം മനസ്സിനെയും ശരീരത്തെയും തളർത്തി എങ്കിലും എവിടെയോ പ്രതീക്ഷകളുടെ ഒരു തിരി നാളം നില നില്കുന്നത് പോലെ അവനു തോന്നി..
അങ്ങനെ വീണ്ടും ഒരു റമളാൻ മാസം സമാഗതമായി.. അറബികൾ കൂടുതൽ ധാനവും ധർമവും ഒക്കെ ചെയ്യുന്ന ഒരു മാസം ആണ് റമളാൻ. അവർക്കിടയിൽ പലരും ജയിലുകൾ സന്ദർശിക്കുകയും അവിടെ ഉള്ളവരുടെ,ക്രിമിനൽ അല്ലാത്ത, സാമ്പത്തിക ഇടപാടുകൾ കൊണ്ട് ജയിലിൽ കിടക്കുന്നവരെ ക്യാഷ് കൊടുത്ത് മോചിപ്പിക്കുന്ന പതിവുണ്ട്.. ഇത്തവണ ആ പതിവിൽ ഷമീർനും അവസരം കിട്ടി.. ഒരു അറബി വന്നിട്ട് അവൻ കൊടുക്കാൻ ഉള്ള ക്യാഷ് കൊടുത്ത് മോചിപ്പിച്ചു..
ജയിൽ മോചിതനായ ഷമീർ നാട്ടിലേക്ക് തിരിച്ചു പൊക്കിനെ കുറിച് ആലോചിച്ചു. അവൻ താമസിച്ചിരുന്ന മുറിയിലേക്ക് പോയി നോക്കി.. അവിടെ അവർ താമസിച്ചിരുന്ന ബിൽഡിംഗ് വരെ അന്യമായിരുന്നു. വീണ്ടും ഷമീർ തകർന്ന് ഇരുന്നു പോയി.തിരിച്ചു പോകാൻ പാസ്പോർട്ട് ഇല്ല ടിക്കറ്റ് ഇല്ല, എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത വല്ലാത്തൊരു അവസ്ഥ.
തകർന്ന് പോയ ആ മനുഷ്യൻ ആ മണലാരണ്യത്തിലെ കൊടും ചൂടിൽ തളർന്ന് വീണു. അത് കണ്ട ആരോ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റൽ എത്തിച്ചു. അവിടെ ഉള്ള ഒരു മലയാളി നഴ്സിന്റെ സഹായത്തോടെ സന്നദ്ധ പ്രവർത്തകരോട് സഹായം അഭ്യർത്ഥിച്ചു. എംബസി വഴി എക്സിറ്റ് പാസ്പോർട്ട് ലഭിച്ചപ്പോൾ എല്ലാവരും ചേർന്ന് സഹായിച്ചു ഷമീർ നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്.. വീട്ടിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..
ഇന്ന് ഉച്ചക്കാണ് ഫ്ലൈറ്റ്. സാധാരണ യാത്ര ചെയ്യും പോലെ വലിയ ലഗ്ഗേജ് കളോ ഒന്നും ഇല്ലാതെ ഉടുത്ത വസ്ത്രങ്ങളും പാസ്പോർട്ടും ജയിൽ മോചിതനായ പേപ്പറുകളും മാത്രമായി ഷമീർ നാട്ടിലേക്ക് വിമാനം കയറി..
ഒന്നും ഇല്ലാതിരുന്ന കാലത്ത് കടൽ കടന്ന് ഈ മണൽ മണ്ണിൽ അധ്വാനിച്ചതൊക്കെയും ഇവിടെ തന്നെ അവസാനിക്കുന്ന പോലെ തോന്നി അയാൾക്.. ഫ്ലൈറ്റിൽ ഇരുന്നു തന്റെ 30 വർഷക്കാലത്തെ പ്രവാസ ജീവിതവും അതിലെ 8 വർഷത്തെ ജയിൽ ജീവിതവും ഇങ്ങനെ മിന്നി മറഞ്ഞു..
Passengers we safely reached calicut international airport. The whether is sunny and outside temperature is 28C.
The local time is 6.30 pm. Thank you for flight with us. Have a good day!
പ്രതീക്ഷകൾ അസ്‌തമിക്കാത്ത ലോകത്ത് പുതു നാമ്പുകൾ പിറക്കുമ്പോൾ മനസ്സിൽ ഇഷ്ടപ്പെട്ടവരെ ഉറ്റവരെ ഉടയവരെ കാണാൻ ഉള്ള സന്തോഷത്തിൽ നാടിന്റെ പച്ചപ്പും സൗന്ദര്യവും ആസ്വദിക്കാൻ തിരക്ക് കൂട്ടി എല്ലാവരും ഓടുകയാണ്...
മണലാരണ്യത്തിലെ സഹിക്കാനാവാത്ത ഉഷ്ണത്തിൽ നിന്നും മരുപ്പച്ചകൾ തരുന്ന ഇളം തെന്നലിന്റെ തലോടലിനായി വെമ്പൽ കൊള്ളുമ്പോഴും തനിക്കു മാത്രം സന്തോഷമോ സങ്കടാമോ എന്തെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു നിർവികാരത നിറഞ്ഞ മനസ്സ് മാത്രം.പിറന്ന നാടിന്റെ മണ്ണിലേക്ക് കാൽ വെക്കുമ്പോൾ വീണ്ടും ഒരു പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളും പേറി അയാൾ നടന്നു നീങ്ങി...
(അവസാനിച്ചു)
Comments
Post a Comment